കൊട്ടിയൂർ (കണ്ണൂർ): ശാസ്തായുടെ കഥകൾ ഒരു പ്രസാദമായി മലയോര ഗ്രാമമായ കൊട്ടിയൂരിൽ നിന്ന് പരക്കുമ്പോൾ ബിന്ദുവിൻ്റെ കവിതകൾ സുരഭിലമായ ചിന്തകളുടെ പ്രവാഹമായി ഒഴുകുകയാണ്. ഒരു മേൽക്കൂരയ്ക്ക് താഴെ അവർ എഴുത്തിൻ്റെ ലോകത്താണ്. ഇനി
ശ്രീക്കുട്ടിയോട് സ്നേഹപൂർവം പറയുന്ന നല്ല കഥകളുടെ സമാഹാരവും എല്ലാവരിലേയും നന്മകൾ ഓർമിപ്പിക്കുന്നതിലൂടെ പിറക്കുന്ന പുണ്യത്തിൻ്റെ കവിതാ സമാഹാരവും അടുത്ത മാസം ആറിന് പ്രകാശനം ചെയ്യുന്ന സന്തോഷത്തിലാണ് കൊട്ടിയൂരെന്ന ഗ്രാമം. കൊട്ടിയൂർ എന്ന ഈ ' ഗ്രാമത്തിൻ്റെ വഴികളിലും ഇടവഴികളിലും ഇടനാഴികളിലും നടക്കുമ്പോൾ മനസിലേക്ക് ഊറി വന്ന് നിറയുന്ന ചില ചിന്തകളാണ് രണ്ടു പേരുടേയും കഥകളിലും കവിതകളിലും നിറയുന്നത്. പക്ഷെ ഇതിലേ വ്യത്യസ്‌ഥത ഇതൊന്നുമല്ല കഥകളെഴുതുന്ന ശാസ്‌താപ്രസാദിൻ്റെ പ്രിയതമയാണ് കവിതളെഴുതുന്ന ബിന്ദു ശാസ്താ എന്നതാണ്. രണ്ട് പേരും പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രം നേടിയവരാണ്. നാട്ടിൻപുറത്തെ ചെറു ജോലികൾ ചെയ്‌തു കുടുംബം പോറ്റുന്നവരാണ്. മിഴി കലാസാംസ്ക്‌കാരിക വേദിയുടെ നേതൃത്യത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വച്ച് പ്രശസ്ത സാഹിത്യകാരൻ സുധാംശുവാണ് പുസ്‌തകങ്ങളുടെ പ്രകാശനം നിർവഹിക്കുന്നത്. ശാസ്‌താപ്രസാദ് കൊട്ടിയൂരിലെ നെഹ്റു സ്മാരക ഗ്രന്ഥശാലയിലെ ലൈബ്രറേറിയനാണ് പെയ്‌ൻ്റിങ് തൊഴിലാളിയാണ് അൽപം കൃഷിയും. ബിന്ദു തലക്കാണി ഗവ യൂപി സ്‌കൂളിൻ്റെ ബസിൽ ആയയായി ജോലി ചെയ്യുകയാണ്. ഈ ശാസ്‌താപ്രസാദിൻ്റെ കഥാസമാഹാരമാണ് സ്നേഹപൂർവം ശ്രീക്കുട്ടിക്ക്. ബിന്ദു ശാസ്ത്‌തായുടെ കവിതാ സമാഹാരമാണ് പുണ്യം. 11 വർഷത്തോളമായി ശാസ്‌താപ്രസാദ് ലൈബ്രറേറിയനാണ്. ലൈബ്രറിക്കും ഉണ്ട് ഒരു ചരിത്രകഥ. 1956 നവംബർ 1 ന് കേരളപ്പിറവിയുടെ ഓർമയ്ക്കായി സ്ഥാപിച്ച കൈരളി ഗ്രന്ഥശാലയാണിത്. പിന്നീട് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മരിച്ചപ്പോൾ അദ്ദേഹത്തോടുള്ള ആദരം പ്രകടിപ്പിച്ചാണ് പേര് മാറ്റിയത്. മലയോരത്തെ ഏറ്റവും വലിയ ഗ്രന്ഥശാലകളിൽ ഒന്നാണിത്. കൊട്ടിയൂർ ഐജെഎം ഹൈസ്‌കൂളിലായിരുന്നു ശാസ്തായുടെ പഠനം. ബിന്ദു ചന്ദനക്കാംപാറ ചെറുപുഷ്‌പം സ്‌കൂളിലാണ് പഠിച്ചത്. പുറമെ വയലിനും കീ ബോർഡു കൂടി ബിന്ദു പഠിച്ചിട്ടുണ്ട്. രണ്ടു പേരും സാമൂഹിക മാധ്യമങ്ങളിൽ കഥകളും കവിതകളും എഴുതുകയായിരുന്നു. കൊട്ടിയൂരിലെ തന്നെ പ്രതിഭ കൂട്ടായ്‌മയാണ് ഇരുവരേയും ആദ്യം ഏറ്റെടുത്തത് പിന്നീട് കേരളത്തിലെ സാംസ്‌കാരിക സാഹിത്യ കൂട്ടായ്‌മകളിൽ പെട്ട ചില പ്രശസ്തരായ എഴുത്തുകാർ ഇവരുടെ ചെറു കഥകളും കവിതകളും വായിച്ച് പ്രശംസിക്കുകയും കൂട്ടായ്‌മകളിൽ ചേർക്കുകയും ചെയ്‌തു. ഇതിലൂടെയാണ് ഇരുവരുടെയും സമാഹാരങ്ങൾ പുസ്‌തകമാക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയത്. ബിന്ദുവിൻ്റെ കവിതകൾ പല പുസ്‌തകങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ശാസ്‌താപ്രസാദിൻ്റെ കഥകൾക്ക് അച്ചടി മഷി പുരളുന്നത് ഇതാദ്യമാണ്. ശാസ്‌താപ്രസാദിൻ്റെ 25 ചെറുകഥകളാണ് സ്‌നേഹപൂർവം ശ്രീക്കുട്ടിക്ക് എന്ന പുസ്‌തകത്തിൽ ചേർത്തിട്ടുള്ളത് ബിന്ദുവിന്റെ 41 കവിതകളും. കോട്ടയം മണിമലയിൽ നിന്ന് കൊട്ടിയൂരിലേക്ക് 1950 കളിൽ കുടിയേറിയ പൊൻമലയിൽ മാധവനാശാന്റെയും സാവിത്രിയുടേയും മകനാണ് ശാസ്താപ്രസാദ് കൊട്ടിയൂരിലെ ആദ്യ തലമുറകളെ അക്ഷരം പഠിപ്പിച്ച നിലത്തെഴുത്ത് ആശാനായിരുന്നു ശാസ്‌തയുടെ പിതാവ് മാധവനാശാൻ. അഞ്ച് സഹോദരങ്ങളാണ് ശാസ്‌തായ്ക്ക്. ചന്ദനക്കാംപാറയിലെ പുളിക്കത്തടത്ത് രവിന്ദ്രൻ്റേയും തങ്കമ്മയുടേയും മകളാണ് ബിന്ദു. ഒരു സഹോദരിയുണ്ട്. അഛൻ രവീന്ദ്രൻ നാടകവും ഭജൻസും ഒക്കെ ചെയ്‌തിരുന്ന കലാകാരനാണ്. രണ്ട് മക്കളാണ് ശാസ്തായ്ക്കും ബിന്ദുവിനും. ഋഷികേശും രേവതിയും. പത്താം ക്ലാസുകാരനായ ഋശികേശ് ചിത്രങ്ങൾ വരയ്ക്കും. എട്ടാം ക്ലാസിൽ പഠിക്കുന്ന രേവതിയുടെ കവിതകൾ ഇപ്പോൾ തന്നെ ചില ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൊഴിലും കൃഷിയും എല്ലാമായി ശാസ്തയും ബിന്ദുവും മക്കളും മൂന്നോട്ടു പോകുകയാണ് ഇടയ്ക്ക് അയാൾ കഥകളെഴുതും അവൾ കവിതകളും.
Shasta writes stories, Bindu poems too..